Wednesday, October 19, 2011

ഈ രാവു വെളുക്കാതിരുന്നെങ്കില്‍

ഒരു ചുംബനം നല്കാതുറങ്ങിയ നാള്‍
ഒരു കളിവാക്കു കേള്‍ക്കാതുറങ്ങിയ നാള്‍
നിന്‍  വിരല്‍തുമ്പു ചേര്‍ത്ത് മെല്ലെയൊരു
തല്ലുപോലും കിട്ടാതുറങ്ങിയ നാള്‍

അകതാരിലായിരം ചതവുകള്‍
മുറിപ്പാടുകള്‍, ഒരു തുള്ളി ചുടുകണ്ണീര്‍
അതിന്മേലിട്ടു വീഴുന്ന വേദന
നീയറിയുന്നുവോ പിടയുന്നോരെന്‍ മനസിനെ

കണ്ണീരില്‍ രക്തം ചാലിച്ചൊരു കുറി
തൊട്ടുറങ്ങുന്നു ഞാനെന്‍ മനസ്സിലെ
സ്നേഹവിളക്ക് അണഞ്ഞ രാവില്‍.
ഉണരാതിരുന്നെങ്കില്‍ ഞാന്‍

ഈ രാവു വെളുക്കാതിരുന്നെങ്കില്‍

Monday, January 17, 2011

ശാന്തം

 അയാൾ ഒരു കൃഷ്ണശിലാശിൽപം നിർമ്മിക്കുകയാണ്‌. ഒരു സന്യാസ്വിനിയുടെ പൂർണ്ണകായ പ്രതിമ. മനസ്സിൽ കോരിയിട്ട സങ്കൽപം ആ കൈകളിലൂടെ, ഉരുക്കു നിർമ്മിത പണിയായുധങ്ങളിലൂടെ കാഠിന്യമേറിയ ശിലയിലേക്ക്‌ ചേക്കേറുന്നു. കഠിനതക്ക്‌ മെഴുകിന്റെ മെരുക്കം ഒരു പ്രത്യേക താളത്തിൽ വന്നുകൊണ്ടിരുന്നു. ശില അയാൾക്കു കീഴ്പെട്ടുതുടങ്ങി. സന്തോഷത്തോടെയുള്ള ഒരു കീഴടങ്ങൽ. പ്രകൃതിയിൽ അതു വളരെ വിരളം. തെളിഞ്ഞുവരുന്ന ആ പ്രഭാദത്തിൽ വയലേലേകളിലേക്ക്‌ ഉത്സാഹത്തോടെ ചുവടുവയ്ക്കുന്ന പണിയാളരുടെ വായ്പ്പാട്ട്‌ ദൂരെനിന്നും ഒഴുകിയെത്തി. അതു കൃഷ്ണശിലയിൽ നിന്നുയരുന്ന താളത്തിനൊപ്പം ചേർന്നൊഴുകി. ഒടുവിൽ അവ വഴിപിരിഞ്ഞു അകന്നുകൊണ്ടിരുന്ന വായ്പ്പാട്ടിനെ കൃഷ്ണശിലാതാളം എത്തിപ്പിടിക്കുന്നു. സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളെ എത്തിപ്പിടിക്കാനൊരുങ്ങുന്നപോലെ.