Wednesday, October 19, 2011

ഈ രാവു വെളുക്കാതിരുന്നെങ്കില്‍

ഒരു ചുംബനം നല്കാതുറങ്ങിയ നാള്‍
ഒരു കളിവാക്കു കേള്‍ക്കാതുറങ്ങിയ നാള്‍
നിന്‍  വിരല്‍തുമ്പു ചേര്‍ത്ത് മെല്ലെയൊരു
തല്ലുപോലും കിട്ടാതുറങ്ങിയ നാള്‍

അകതാരിലായിരം ചതവുകള്‍
മുറിപ്പാടുകള്‍, ഒരു തുള്ളി ചുടുകണ്ണീര്‍
അതിന്മേലിട്ടു വീഴുന്ന വേദന
നീയറിയുന്നുവോ പിടയുന്നോരെന്‍ മനസിനെ

കണ്ണീരില്‍ രക്തം ചാലിച്ചൊരു കുറി
തൊട്ടുറങ്ങുന്നു ഞാനെന്‍ മനസ്സിലെ
സ്നേഹവിളക്ക് അണഞ്ഞ രാവില്‍.
ഉണരാതിരുന്നെങ്കില്‍ ഞാന്‍

ഈ രാവു വെളുക്കാതിരുന്നെങ്കില്‍

Monday, January 17, 2011

ശാന്തം

 അയാൾ ഒരു കൃഷ്ണശിലാശിൽപം നിർമ്മിക്കുകയാണ്‌. ഒരു സന്യാസ്വിനിയുടെ പൂർണ്ണകായ പ്രതിമ. മനസ്സിൽ കോരിയിട്ട സങ്കൽപം ആ കൈകളിലൂടെ, ഉരുക്കു നിർമ്മിത പണിയായുധങ്ങളിലൂടെ കാഠിന്യമേറിയ ശിലയിലേക്ക്‌ ചേക്കേറുന്നു. കഠിനതക്ക്‌ മെഴുകിന്റെ മെരുക്കം ഒരു പ്രത്യേക താളത്തിൽ വന്നുകൊണ്ടിരുന്നു. ശില അയാൾക്കു കീഴ്പെട്ടുതുടങ്ങി. സന്തോഷത്തോടെയുള്ള ഒരു കീഴടങ്ങൽ. പ്രകൃതിയിൽ അതു വളരെ വിരളം. തെളിഞ്ഞുവരുന്ന ആ പ്രഭാദത്തിൽ വയലേലേകളിലേക്ക്‌ ഉത്സാഹത്തോടെ ചുവടുവയ്ക്കുന്ന പണിയാളരുടെ വായ്പ്പാട്ട്‌ ദൂരെനിന്നും ഒഴുകിയെത്തി. അതു കൃഷ്ണശിലയിൽ നിന്നുയരുന്ന താളത്തിനൊപ്പം ചേർന്നൊഴുകി. ഒടുവിൽ അവ വഴിപിരിഞ്ഞു അകന്നുകൊണ്ടിരുന്ന വായ്പ്പാട്ടിനെ കൃഷ്ണശിലാതാളം എത്തിപ്പിടിക്കുന്നു. സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളെ എത്തിപ്പിടിക്കാനൊരുങ്ങുന്നപോലെ.

Thursday, October 28, 2010

ജീവിത വേദനകളുടെ കവി

ശ്രീ എ. അയ്യപ്പന്റെ കവിതകൾ ഞാൻ വയിച്ചിരുന്നില്ല. അയ്യപ്പൻ എന്ന കവിയുമായി ഒരു നേരിയ പരിചയം മാത്രം. പത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ മരണവാർത്തയറിയുമ്പോഴാണ്‌ ഏറെ നളുകൾകുശേഷം അദ്ദേഹത്തെക്കുറിച്ച്‌ ഓർക്കുന്നതുപോലും. പിറ്റേ ദിവസം പുലർച്ചേ 1:30 നാണ്‌ അയ്യപ്പനുമായുള്ള മുഖാമുഖം പരിപാടി ഇന്ത്യാവിഷൻ പുനസം പ്രേക്ഷണം ചെയ്യുന്നത്‌. കടുത്ത ജീവിതാനുഭവങ്ങളുടെ ഒരു പക്ഷിക്കൂടായിരുന്ന ആ വ്യക്തിത്വത്തെ ഞാൻ അതിലൂടെ അടുത്തറിയുകയായിരുന്നു. തന്റെ ജീവിതത്തിലെ മുൻ അദ്ധ്യായങ്ങളെ നീറുന്ന വേദനയോടെയാണ്‌ അദ്ദേഹം ഓർത്തുപറഞ്ഞത്‌. ഒന്നര വയസ്സു പ്രായത്തിൽ അച്ഛ്ന്റെ ദുരൂഹ മരണം, പിന്നീട്‌ അമ്മയുടെ വിടവാങ്ങൽ, എല്ലാം ഓർത്തെടുക്കുമ്പോൾ സ്വരം വിറകൊള്ളുന്നുണ്ടായിരുന്നു. സധൈര്യം പോരാടിക്കൊണ്ടിരുന്ന ആ മനസ്സിനെ എല്ലാ പ്രേക്ഷകരും അടുത്തറിഞ്ഞിട്ടുണ്ടാകും. മദ്യപിക്കാനായി കിട്ടുന്ന ഒരവസരവും താൻ ഒഴിവാക്കില്ലെന്നു തുറന്നുപറയുന്ന പച്ചയായ മനുഷ്യൻ, ലഹരി കൂടാതെ ജീവിക്കുവാൻ കഴിയാത്ത ഒരു സഹചര്യമാണ്‌ ഇന്നുള്ളതെന്നു പറയുന്ന തത്വചിന്തകൻ, മദ്യപിച്ചിരുന്നെങ്കിൽ സുകുമാർ അഴീക്കൊടിന്‌ കുറച്ചുകൂടി നന്നായെഴുതാൻ കഴിയുമയിരുന്നു എന്നഭിപ്രായപ്പെട്ട രസികൻ, അര മണിക്കൂർ നീണ്ട ആ മുഖാമുഖം പരിപാടിയിൽ കണ്ട അയ്യപ്പന്റെ നിറഭേദങ്ങളാണിവ.തന്റെ ജീവിതം പ്രണയത്തോടും കമ്മ്യുണിസ്സത്തോടുമുള്ള ഒരു കലാപമായിരുന്നെന്നു തുറന്നു പറയുമ്പോഴും രണ്ടിനും ആധുനിക ലോകത്തു നിലനിൽപ്പില്ലെന്നു നിരാശയോടെ അദ്ദേഹം ഉപസംഹരിക്കുന്നു. വേദനകൾ മരണത്തിലും അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല. തിരുവനന്തപുരം നഗരത്തിൽ വാഹനാപകടത്തിൽ പെട്ട്‌ തിരിച്ചറിയപ്പെടാതെ മണിക്കൂറുകൾ കിടന്നു. തിരഞ്ഞെടുപ്പു തിരക്കുകളിലായ നേതാക്കൾ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ ശവസംസ്കാരം അവരുടെ സൗകര്യത്തിലേക്കായി മാറ്റി വയ്ക്കുകയും ചെയ്തു.

"സൂര്യനെപ്പോലെ ജ്വലിച്ചുനിൽക്കും,

വേദനയുടെ ചങ്കുറങ്ങട്ടെ"

ജീവിത വേദനകളുടെ മലയാളകവിക്ക്‌ ആദരാഞ്ജലികൾ.

Monday, July 5, 2010

ഭോപ്പാൽ ദുരന്തം - ഭോപ്പാലിൽ നിന്നൊരു സ്മരണിക


നിശബ്ധമായ ഒരു അർദ്ധരാത്രിയിൽ ആയിരങ്ങളെ കൊന്നൊടുക്കിയ ഒരു കൊലയാളിയുടെ അസ്ഥികൂടമാണിത്‌. 1984 ഡിസംബർ അർദ്ധരാത്രി ഉറക്കത്തിലായിരുന്ന ഒരു ജനതയെ ഒന്നു നിലവിളിക്കാൻപോലും അനുവദിക്കാതെ കൊന്നൊടുക്കിയവൻ.പ്രാണൻ പിടയുമ്പോഴും സ്വന്തം കൈക്കുഞ്ഞിനെയെങ്കിലും രക്ഷിക്കാൻ ശ്രമിച്ച അനേകം അമ്മമാർ, അവർ നെഞ്ചോടടക്കി പിടിച്ചിരുന്നത്‌ തങ്ങളുടെ പിഞ്ചോമനകളുടെ ശവശരീരങ്ങളാണെന്ന് തിരിചറിഞ്ഞിരുന്നുവൊ? യൂണിയൻ കാർബൈഡ്‌ എന്ന രാസവള ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന മീഥൈൽ ഐസോ സായനേറ്റ്‌ എന്ന അസംസ്കൃത വിഷവാതകം ചോർന്ന് പതിനായിരങ്ങൾ മരിക്കാനിടയായ ഭോപ്പാൽ വിഷവാതക ദുരന്തത്തെക്കുറിച്ച്‌ പാഠപുസ്തകങ്ങളിൽ വായിച്ചിരുന്നു. ഓരോ വാർഷിക ദിനങ്ങളിലും പത്രമാസികകളിൽ വരാറുള്ള ലേഖനങ്ങളിലൂടെയും അലസമായി കണ്ണോടിക്കുമായിരുന്നു. ഇന്ന് 25 വർഷങ്ങൾക്കു ശേഷം ഭോപ്പാലിലെ യൂണിയൻ കാർബൈഡ്‌ ഫാക്ടറി സന്ദർശിക്കുമ്പോഴണ്‌ ആ ദുരന്ത തീവ്രത ഒരു ഹൃദയമിടിപ്പെന്നപോലെ മനസ്സിൽ മുഴങ്ങുന്നത്‌. ശക്തമായ സുരക്ഷാസംവിധാനങ്ങൾക്കു നടുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ തുരുമ്പെടുത്ത യന്ത്രഭാഗങ്ങളിൽ സ്പർശിക്കുമ്പോൾ തണുത്ത്‌ മരവിച്ച ശവശരീരത്തിൽ സ്പർശിക്കുന്നപോലെ തോന്നി. ശബ്ദമുഖരിതമായ ആ ചേരിയിലൂടെ ഞങ്ങൾ ഫാക്ടറിയുടെ പുറകിലത്തെ ഗേറ്റിലേക്കാണ്‌ ആദ്യം പോയത്‌. നിരാശയായിരുന്നു ഫലം, ഗേറ്റ്‌ താഴിട്ടു പൂട്ടിയിരുന്നു. യൂണിയൻ കാർബൈഡിലേക്കാണെങ്കിൽ മതിൽക്കെട്ട്‌ ചാടിക്കടന്നു പോയ്ക്കൊള്ളുവാൻ ചേരിനിവാസിയായ ബാലന്റെ ഉപദേശം. മുൻ തലമുറക്കാരെ ഒന്നായി വിഴുങ്ങിയ മൾട്ടിനാഷണൽ കമ്പനിയുടെ മതിൽക്കെട്ടുകൾക്ക്‌ അവന്റെ മനസ്സിൽ പുല്ലുവിലയായിരുന്നു. മ്മതിലു ചാടിക്കടക്കാൻ മറ്റാരുടെ അനുവാദമാണു ഞങ്ങൾക്കു വേണ്ടത്‌? മതിലു ചാടിക്കടന്നെങ്കിലും ഫാക്ടറിക്കുള്ളിലെ ഒരു പോലീസ്‌ ഔട്പോസ്റ്റ്‌ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. പ്ലാന്റിനുള്ളിലേക്കു കടക്കാനുള്ള അനുമതിക്കായി ഞങ്ങൾ അവരെ സമീപിച്ചു. ജില്ലാ കളക്ടറും എസ്പിയും പ്ലാന്റ്‌ സന്ദർശിക്കുകയാണെന്നും ഇപ്പോൾ സന്ദർശനാനുമതി തരുക പ്രയാസമാണെന്നുമായിരുന്നു മറുപടി. പക്ഷെ അടുത്ത ദിവസം അതേ സമയം പ്ലാന്റിലേക്കു കടത്തിവിടാമെന്നു അവർ സമ്മതിച്ചത്‌ ഞങ്ങളെ സന്തോഷിപ്പിച്ചു.

തുരുമ്പെടുത്ത യന്ത്രഭാഗങ്ങൾ പറഞ്ഞുതരുന്നത്‌ ഭയാനകമായ മുത്തശ്ശിക്കഥകളാണ്‌. കഥാവശേഷങ്ങളായ അഞ്ചോളം പഴകിയ ഉരുക്കു സിലിണ്ടരുകളും മറ്റനുബന്ധ യന്ത്രഭാഗങ്ങളുമാണ്‌ ഇവിടെയുള്ളത്‌. 350 ടണ്ണോളം വരുന്ന വിഷമയമായ അവശിഷ്ടങ്ങളും മറ്റസംസ്കൃത വസ്തുക്കളും അവിടെ തന്നെ കുഴിച്ചു മൂടിയിരിക്കുന്നു. അതിൽ രണ്ട്‌ സിലിണ്ടർ നിറയെ എം ഐ സി യും ഉൾപെടുന്നു. എല്ലാം ആ ദുരന്തത്തിന്റെ ഓർമകളായി കാലത്തിന്റെ കരുണയും കാത്ത്‌ കിടക്കുന്നപോലെ തോന്നി.

കാർബമേറ്റ്‌ പെസ്റ്റിസൈഡുകൾ എന്ന വിഭാഗത്തിൽപെട്ട രാസവസ്തുക്കൾ നിർമ്മിക്കുകയായിരുന്നു യൂണിയൻ കാർബൈഡ്‌ ലിമൈറ്റ്ഡിന്റെ ഭോപ്പാൽ പ്ലാന്റ്‌ ചെയ്തിരുന്നത്‌. മീഥൈൽ ഐസോ സയ നേറ്റ്‌ ഈ പ്രക്രിയയിലെ ഒരു പ്രധാന അസംസ്കൃത വസ്തുവാണ്‌. എം ഐ സി നിറമില്ലാത്തതും രൂക്ഷ ഗന്ധമുള്ളതുമായ ഒരു ദ്രാവകമാണ്‌.39.1 ഡിഗ്രിയിൽ ഇതു തിളക്കാൻ തുടങ്ങും എന്നതാണു പ്രത്യേകത. തീവ്ര വിഷമയമായ ഈ ദ്രാവകം തിളക്കാനിടയയാൽ അന്തരീക്ഷവായു വിഷമയമാകുകയും ജീവജാലങ്ങൾ ചത്തൊടുങ്ങുകയും ചെയ്യും. 1969 മുതൽ പ്രവർത്തിച്ചിരുന്ന ഭോപ്പാൽ പ്ലാന്റിൽ 1979 മുതലാണ്‌ എം ഐ സി ഒരു അസംസ്കൃതവസ്തുവായി ഉപയോഗിച്ചു തുടങ്ങിയത്‌. വളരെ അപകടകാരിയായ എം ഐ സി ഒരസംസ്കൃതവസ്തുവായി ഉപയോഗിക്കുമ്പോൾ എടുത്തിരിക്കേണ്ട സുരക്ഷാസംവിധാനങ്ങൾ ഒന്നും കര്യക്ഷമമല്ലായിരുന്നില്ലെന്ന് അപകടാനന്തരം നടന്ന അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. ജലവുമായി അതീവ തീവ്രതയിൽ പ്രവർത്തിച്ചു തിളക്കാൻ തുടങ്ങുന്ന ദ്രാവകമാണ്‌ എം ഐ സി. 1984 ഡിസംബർ 2 അർദ്ധരാത്രി എം ഐ സി ടാങ്ക്‌ 610 വൃത്തിയാക്കുന്നതിനിടയിൽ വെള്ളം ടാങ്കിൽ കടക്കുകയും എം ഐ സി യുമായി പ്രവർത്തിച്ച്‌ ടാങ്കിലെ ഊഷ്മാവ്‌ അനിയന്ത്രിതമായി വർദ്ധിച്ചതാണ്‌ അപകടകാരണമായത്‌. 40,000 കിലോഗ്രാം എം ഐ സി നീരാവിയായി അന്തരീക്ഷവായുവിൽ കലരുകയും പ്രദേശത്തെ ആയിരക്കണക്കിനാളുകൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണരുകയും എന്താണു സംഭവിക്കുന്നതെന്നുപോലുമറിയാതെ പിട്ഞ്ഞുവീണു മരിക്കുകയാണുമായുണ്ടായത്‌. കണ്ണ്‌ മൂക്ക്‌ ശ്വാസകോശം എന്നിവ എരിഞ്ഞമരുന്ന വേദനയിൽ പലരും തെരുവുകളിലൂടെ ഓടിനടന്നു, ഇടക്ക്‌ മരിച്ചുവീണു.

യൂണിയൻ കാർബൈഡ്‌ ഇൻഡ്യാ ലിമൈറ്റ്ഡ്‌ 1934 ൽ സ്ഥാപിതമായ യൂണിയൻ കാർബൈഡ്‌ കോർപ്പറേഷൻ എന്ന മൾട്ടി നാഷണൽ കമ്പനിയുടെ ഇൻഡ്യൻ സബ്സിഡിയറിയാണ്‌. ഏതാണ്ട്‌ 9000 ത്തിലധികം തൊഴിലാളികൾ യു സി ഐ എല്ലിന്റെ 14 പ്ലാന്റുകളിലായി ജോലിചെയ്തിരുന്നു. യു സി ഐ എല്ലിന്റെ 51% ഓഹരികൾ യു സി സി യുടെ യും ബാക്കി 49% ഓഹരികൾ കേന്ദ്ര സർക്കാർ അടക്കമുള്ള ഇൻഡ്യൻ നിക്ഷേപകരുടേയും കൈയിലായിരുന്നു. ബാറ്ററികൾ, കാർബൺ ഉൽപന്നങ്ങൾ, വെൽഡിംഗ്‌ ഉപകരണങ്ങൾ, പ്ലാസ്റ്റിക്‌, വ്യാവസായിക രാസവസ്തുക്കൾ, കീടനാശിനികൾ, മറൈൻ ഉൽപന്നങ്ങൾ എന്നിവയാണ്‌ യു സി ഐ എൽ ഉൽപാദിപ്പിച്ചിരുന്നത്‌. 170 മില്ല്യൻ ഡോളറിന്റെ വരുമാനമാണ്‌ അന്ന് കമ്പനിക്കുണ്ടായിരുന്നത്‌.

1994 നവമ്പറിൽ കമ്പനിയുടെ 50.9% ഓഹരികൾ കൊൽക്കത്തയിലെ മക്‌ ലിയോഡ്‌ റസ്സൽ ലി. നു വിറ്റഴിച്ചു. തുടർന്ന് കമ്പനി എവരിഡേ ഇൻഡസ്ട്രീസ്‌ ഇൻഡ്യാ ലി. എന്ന പേരിലറിയപ്പെട്ടു. അപകടാനന്തരം ഭോപ്പാൽ പ്ലാന്റിന്റെ നിയന്ത്രണം ഭാരത സർക്കാർ ഏറ്റെടുക്കുകയും സംരക്ഷിച്ചുപോരുകയും ചെയ്യുന്നു. രണ്ടു പതിറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്ന വിഷപദാർത്ഥങ്ങൾ സംസ്കരിക്കാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാൻ350 കോടി രൂപ സംസ്ഥാന സർക്കാരിനു കേന്ദ്രം അനുവദിച്ചതായാണ്‌ പുതിയ വാർത്ത.

നഷ്ടപരിഹാരക്കണക്കുകൾക്കും വിവാദങ്ങൾക്കുമിടയിൽ അടിയന്തിര ശ്രദ്ധപതിയേണ്ട സംഗതിയാണ്‌ ഭോപ്പാൽ പ്ലാന്റിൽ എപ്പോഴും അവശേഷിക്കുന്ന വിഷപദാർത്ഥങ്ങളുടെ സംസ്കരണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയോജിതവും സുതാര്യവുമായ പ്രവർത്തനം ഇതിനായി ആവശ്യമാണ്‌ ദുരന്തത്തെക്കുറിച്ചുള്ള അറിവുകൾ വരും തലമുറക്ക്‌ നൽകുക എന്ന ഉത്തരവാതിത്വവും നമുക്കുണ്ട്‌. ദുരന്തബാധിതരായ പതിനായിരക്കണക്കിനു ജനങ്ങൾക്ക്‌ നീതിലഭിക്കുന്നുവേന്നുറപ്പാക്കാതെ കമ്പനി അധികൃതരെ സഹായിക്കുന്ന സർക്കാർ നയത്തിൽ അത്യന്തം രോക്ഷാകുലരാണിവിടത്തെ ജനങ്ങൾ. അന്നത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ തെറ്റായ ഇടപെടലുകൾ മൂലം കമ്പനി മേധാവി വാറൻ ആൻഡേഴ്സൺ നിയമ നടപടികൾ നേരിടാതെ രാജ്യം വിടാനുണ്ടായ സാഹചര്യങ്ങൾ പീഡിതരോടുള്ള അനീതി തുറന്നു കാട്ടുന്നു.

അവർ രോക്ഷം മറച്ചുവക്കുന്നില്ല. ഫാക്ടറി മതിൽ മുഴുവൻ രോക്ഷം തുളുമ്പുന്ന ചുവരെഴുത്തുകളാണ്‌. ഞങ്ങൾക്കു ജീവിക്കണം എന്നവർ രോക്ഷത്തോടെ പറഞ്ഞുകൊണ്ടിരിക്കുന്നു. മൂക്ക്‌ പൊത്തിപ്പിടിച്ച്‌ സ്വന്തം കുഞ്ഞിനെ മാറോടു ചേർത്ത്‌ ഓടാനൊരുങ്ങുന്ന സ്ത്രീയുടെ പ്രതിമയാണ്‌ വാതകദുരന്തത്തിനിരയായവർക്ക്‌ സമർപ്പിച്ചിരിക്കുന്ന സ്മാരകം. അവരുടെ സഹനകഥകൾ മുഴുവൻ പറഞ്ഞുതീർക്കുകയാണ്‌ "ഞങ്ങൾക്കു ജീവിക്കണം" എന്ന അവകാശ്പ്രഖ്യാപനത്തിലൂടെ.



ഭോപ്പാൽ വാതക ദുരന്ത ബാധിതർക്കു സമർപ്പണം.



-----സംയോഗീ-----
Photo: Abin Varghese.
Thanks to: Mr. Sumanth Kumar Singh and Home Gaurds on duty in UCIL factory, Bhopal



Wednesday, April 21, 2010

പ്രണയം പരിഭവിക്കുന്നു

പ്രണയം ഒരിലത്തുമ്പിൽ
വീണ മഞ്ഞുപോലെ
താഴേക്കാഞ്ഞു പതിച്ചു
അയ്യോ എന്റെ നടുവേ....

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക്‌
മിഴിയിൽ നിന്നും മിഴിയിലേക്ക്‌
മൊഴിയിൽ നിന്നും മൊഴിയിലേക്ക്‌,
ഞാനെന്താ മരമാക്രിയാണൊ??

തുടക്കത്തിൽ ഒരു മധുരമായി
ഇടക്കിടെ ഒരാശങ്കയായി
ഒടുക്കത്തിലൊരു കാളിന്ദിയായി
എനിക്കെന്താ ഓന്തിന്റെ കുപ്പായമുണ്ടൊ??

ഒരു പുഴയൊഴുകും പോലെ ശാന്തമായി
ഒരു മഴപെയ്യും പോലെ ഗാനമായി
ഒരു മേഘ സഞ്ചാരം പോലെ മൂകമായി
ഈ പ്രണയം കൊതിക്കുന്നു സ്ഥായിത്വം.

(മധുരമായി തുടങ്ങി, പൊട്ടലും ചീറ്റലുമയി, ശബ്ദ മുഖരിതമായി, ഒടുക്കത്തിലൊടുങ്ങിപ്പോകുന്നത്‌ പ്രണയത്തെ സംബന്ധിച്ചിടത്തോളം ഒരനിഷ്ടമാണെന്ന തിരിചറിവ്‌. ശാന്തമായ ഒരു സ്ഥായി ഭാവമാണ്‌ നമ്മുടെ ഉള്ളിലെ പ്രണയം കൊതിക്കുന്നത്‌. പലതും പറഞ്ഞു പിണങ്ങിയിട്ടുള്ള എന്റെ പ്രണയിനിക്കു സമർപ്പിതം)

Wednesday, March 31, 2010

ഫോട്ടോസ്റ്റാറ്റ്‌

അവൾ
ആധുനിക വനിതയുടെ
ഒരു ഫോട്ടോസ്റ്റാറ്റ്‌.
ബാല്യകാലം മറന്നവൾ
പ്രണയം ഒരു നിമിഷംകൊണ്ട്‌,
മറന്നുപോയവൾ
പണം മാത്രം എണ്ണിത്തിട്ടപ്പെടുത്തി
ഓർമിച്ചു വയ്ക്കുന്നവൾ
പ്രശസ്തിക്കും ആഡ്യതക്കും ഒരു
പ്രതിരൂപം തീർക്കാൻ ശ്രമിക്കുന്നവൾ
സ്വതന്ത്രയയാൽ മനുഷ്യത്വം മറക്കുന്നവൾ
ഈയിടെ സ്വന്തം കളിയും മറന്നവൾ
മറവിയുടെ കഥ തുടരാതിരിക്കട്ടെ
മറന്നുപോകാതെ വിജയിക്കാൻ കഴിയട്ടെ.

Sunday, March 21, 2010

വെളിപ്പെടുത്താൻ കഴിയാതെ പോയ പ്രണയങ്ങൾ

കളവുതീണ്ടാത്ത നിലാവുപോലൊരു ബാല്യകാലം
പ്രണയം മനസ്സിൽ ഊർന്നു തുടങ്ങിയിരുന്നു
ഇഷ്ടമായിരുന്നു അവളോട്‌ വെൺചന്ദ്രികയോടെന്നപോലെ
വിലക്കുകൾ എപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നു
ജാതിയിൽ അവൾ തന്നോളമില്ല.
ജാതിയിൽ അവൾ തന്നോളമില്ല.

കൗമാര ലോകത്തെ സ്വപ്നമായി
മനസ്സിൽ സൂക്ഷിക്കാനൊരു സുഗന്ധമായി
അറിയാതെയെപ്പൊഴോ വിരൽത്തുമ്പിൽ
തൊട്ടുപോയൊരാനന്ദ നിമിഷം മുതൽ
സഖിയെ നിന്നെഞ്ഞാൻ സ്നേഹിച്ചിരുന്നു.
വിലക്കുകൾ എപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നു.
പ്രണയം മറന്നു നീ മിടുക്കനാകൂ
പ്രണയം മറന്നു നീ മിടുക്കനാകൂ

കലാലയം മനസ്സിൽ വർണ്ണവിതറി
മധുരിക്കുന്നൊരിഷ്ടം തൊട്ടടുത്തിരുന്നവളോട്‌
മതം മറന്നു ഞാൻ നിനക്കൊരുദിനം
വെൺ ചന്ദനക്കുറി ചാർത്തിയപ്പോൾ
വിലക്കുകൾ എപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നു
ചോരാപ്പുഴയൊഴുകും

പിന്നെയും വിലക്കുകൾ മന്ത്രിച്ചു
എന്തു ധൈര്യം നിനക്കു പെണ്ണു ചോദിക്കാൻ
പോറ്റാൻ സർക്കാരു ജോലിയുണ്ടൊ?