Thursday, October 28, 2010

ജീവിത വേദനകളുടെ കവി

ശ്രീ എ. അയ്യപ്പന്റെ കവിതകൾ ഞാൻ വയിച്ചിരുന്നില്ല. അയ്യപ്പൻ എന്ന കവിയുമായി ഒരു നേരിയ പരിചയം മാത്രം. പത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ മരണവാർത്തയറിയുമ്പോഴാണ്‌ ഏറെ നളുകൾകുശേഷം അദ്ദേഹത്തെക്കുറിച്ച്‌ ഓർക്കുന്നതുപോലും. പിറ്റേ ദിവസം പുലർച്ചേ 1:30 നാണ്‌ അയ്യപ്പനുമായുള്ള മുഖാമുഖം പരിപാടി ഇന്ത്യാവിഷൻ പുനസം പ്രേക്ഷണം ചെയ്യുന്നത്‌. കടുത്ത ജീവിതാനുഭവങ്ങളുടെ ഒരു പക്ഷിക്കൂടായിരുന്ന ആ വ്യക്തിത്വത്തെ ഞാൻ അതിലൂടെ അടുത്തറിയുകയായിരുന്നു. തന്റെ ജീവിതത്തിലെ മുൻ അദ്ധ്യായങ്ങളെ നീറുന്ന വേദനയോടെയാണ്‌ അദ്ദേഹം ഓർത്തുപറഞ്ഞത്‌. ഒന്നര വയസ്സു പ്രായത്തിൽ അച്ഛ്ന്റെ ദുരൂഹ മരണം, പിന്നീട്‌ അമ്മയുടെ വിടവാങ്ങൽ, എല്ലാം ഓർത്തെടുക്കുമ്പോൾ സ്വരം വിറകൊള്ളുന്നുണ്ടായിരുന്നു. സധൈര്യം പോരാടിക്കൊണ്ടിരുന്ന ആ മനസ്സിനെ എല്ലാ പ്രേക്ഷകരും അടുത്തറിഞ്ഞിട്ടുണ്ടാകും. മദ്യപിക്കാനായി കിട്ടുന്ന ഒരവസരവും താൻ ഒഴിവാക്കില്ലെന്നു തുറന്നുപറയുന്ന പച്ചയായ മനുഷ്യൻ, ലഹരി കൂടാതെ ജീവിക്കുവാൻ കഴിയാത്ത ഒരു സഹചര്യമാണ്‌ ഇന്നുള്ളതെന്നു പറയുന്ന തത്വചിന്തകൻ, മദ്യപിച്ചിരുന്നെങ്കിൽ സുകുമാർ അഴീക്കൊടിന്‌ കുറച്ചുകൂടി നന്നായെഴുതാൻ കഴിയുമയിരുന്നു എന്നഭിപ്രായപ്പെട്ട രസികൻ, അര മണിക്കൂർ നീണ്ട ആ മുഖാമുഖം പരിപാടിയിൽ കണ്ട അയ്യപ്പന്റെ നിറഭേദങ്ങളാണിവ.തന്റെ ജീവിതം പ്രണയത്തോടും കമ്മ്യുണിസ്സത്തോടുമുള്ള ഒരു കലാപമായിരുന്നെന്നു തുറന്നു പറയുമ്പോഴും രണ്ടിനും ആധുനിക ലോകത്തു നിലനിൽപ്പില്ലെന്നു നിരാശയോടെ അദ്ദേഹം ഉപസംഹരിക്കുന്നു. വേദനകൾ മരണത്തിലും അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല. തിരുവനന്തപുരം നഗരത്തിൽ വാഹനാപകടത്തിൽ പെട്ട്‌ തിരിച്ചറിയപ്പെടാതെ മണിക്കൂറുകൾ കിടന്നു. തിരഞ്ഞെടുപ്പു തിരക്കുകളിലായ നേതാക്കൾ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ ശവസംസ്കാരം അവരുടെ സൗകര്യത്തിലേക്കായി മാറ്റി വയ്ക്കുകയും ചെയ്തു.

"സൂര്യനെപ്പോലെ ജ്വലിച്ചുനിൽക്കും,

വേദനയുടെ ചങ്കുറങ്ങട്ടെ"

ജീവിത വേദനകളുടെ മലയാളകവിക്ക്‌ ആദരാഞ്ജലികൾ.

No comments: